കൊച്ചി: ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽനിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
മറ്റൊരു രാജ്യത്തുനിന്ന് താമസം മാറ്റുമ്പോൾ ട്രാൻസ്ഫർ ഓഫ് റെസിഡൻസ് (ടി.ആർ) ഉപയോഗിച്ച് 160 ശതമാനത്തോളം ഡ്യൂട്ടി അടച്ച് നിശ്ചിത തുറമുഖങ്ങളിലൂടെ മാത്രമാണ് വാഹനം എത്തിക്കാനാവുക.
നിലവിൽ ഇറക്കുമതിചെയ്ത വാഹനങ്ങൾ വിവിധ ഭാഗങ്ങളാക്കി കണ്ടെയ്നറുകളിൽ ഒളിപ്പിച്ചോ വിനോദസഞ്ചാരികളുടെ വാഹനമെന്ന വ്യാജേനയോ എത്തിച്ചതാവാമെന്നാണ് നിഗമനം. ഇത്തരത്തിൽ ഭൂട്ടാനിൽനിന്ന് വാഹനങ്ങൾ കടത്തിക്കൊണ്ടുവരുന്ന കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന പരിശോധനയിൽ കണ്ടെടുത്ത വാഹനങ്ങളുടെ രേഖകൾ കൃത്യമല്ലെങ്കിൽ ഇവയെല്ലാം പിടിച്ചെടുക്കേണ്ടിവരുമെന്ന് കസ്റ്റംസ് ഉന്നതർ വ്യക്തമാക്കി. വാഹനങ്ങൾ വാങ്ങിയവർക്ക് പിഴയടച്ച് പ്രശ്നം പരിഹരിക്കാനും പറ്റില്ല. ഭൂട്ടാൻ അതിർത്തിയിൽ സുരക്ഷാസന്നാഹങ്ങൾ ശക്തമല്ലാത്തിനാൽ വാഹനം കടത്താൻ എളുപ്പമായതിനാലാണ് തട്ടിപ്പ് വ്യാപകമായതെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ കൊണ്ടുവരുന്ന വാഹനങ്ങളിൽ സ്വർണക്കടത്തും ലഹരിക്കടത്തും നടക്കുന്നതായും സൂചനയുണ്ട്.