തിരുവനന്തപുരം: 36 ദിവസമായുള്ള രാപ്പകൽ സമരം സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള ഉപരോധ സമരമാണ് നടക്കുന്നത്.
ഉപരോധത്തെ തുടർന്ന് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ ഗേറ്റുകൾ രാവിലെ മുതൽ പൊലീസ് അടച്ചുപൂട്ടിയിരുന്നു. ഉപരോധത്തിന് പിന്തുണയുമായി വിവിധ സംഘടനകളും എത്തിയിട്ടുണ്ട്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളാണ് അശവർക്കർമാർ ഉന്നയിക്കുന്നത്.
സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ എൻ.എച്ച്.എമ്മിന്റെ (നാഷനൽ ഹെൽത്ത് മിഷൻ) പാലിയേറ്റിവ് ഗ്രിഡ് പരിശീലനം എന്ന പേരിൽ ഇന്ന് തന്നെ അടിയന്തിര പരിപാടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ ആശമാരും നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരുടെ ഹാജർ നില മെഡിക്കൽ ഓഫിസർ പരിശോധിച്ച് ജില്ലതലത്തിലേക്ക് അയക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ പരിശീലനം ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്ന് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയിട്ടുണ്ട്.