സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം: ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

news image
Oct 4, 2022, 1:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: എയിംസ് കാസർകോട് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയർത്തി എന്റോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിൽ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ് വ്യക്തമാക്കി.

സെക്രട്ടേറിയേറിന് മുന്നിൽ എന്റോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു നിരാഹാര സമരം. ഇന്ന്  നിരാഹാര സമരത്തിന്റെ മൂന്നാം ദിവസമായിരുന്നു.അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി വ്യക്തമാക്കി. സമരത്തിന് ഫലമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു.

കോവിഡ് കാലത്ത് ചികിത്സയ്ക്കായി അതിർത്തിയിൽ കാത്തു കിടക്കേണ്ടി വന്നതും  മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക് പൂർണമായി ഉപകരിക്കാത്തതും അടക്കം കാസർകോട്ടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം കിട്ടുന്ന എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

എൻഡോസൾഫാൻ ദുരിതബാധിതരെക്കൂടി മുന്നിൽക്കണ്ട് സർക്കാർ ഇടപെടുന്നത് വരെ സമരമെന്ന് പ്രഖ്യാപിച്ചാണ് ദയാബായിയുടെ രാപ്പകൽ നിരാഹാര സമരം.

മുൻപ് പലതവണ ചർച്ചയായതും, വർഷങ്ങൾ നീണ്ട സമരങ്ങളുണ്ടായതും, താൽക്കാലിക  പരിഹാരത്തിലൊതുങ്ങിയതുമായ  വിഷയത്തിൽ പെട്ടെന്നുള്ള ഇടപെടൽ എങ്ങനെയുണ്ടാകുമെന്ന ചോദ്യങ്ങളും സമരത്തോടൊപ്പം ഉയരുന്നുണ്ട്. മൂന്നാം ദിവസം പിന്നിടുന്ന സമരം ഇനിയും ചർച്ചയുടെ വഴിയിലേക്കെത്തിയിട്ടില്ല. ഏതായാലും ഗൗരവമുള്ള ഇടപെടലുകളില്ലാതെ സർക്കാരിന് സമരം തീർക്കാനാവില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe