ന്യൂഡൽഹി / തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണു വോട്ടെണ്ണൽ. ജൂലൈ 1 വരെ പേരു ചേർത്തവരെ ഉൾപ്പെടുത്തിയ വോട്ടർ പട്ടികയാകും ഉപയോഗിക്കുക.
പുതുപ്പള്ളി മണ്ഡലം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായി. 24 വരെ ചേരാനിരുന്ന നിയമസഭാ സമ്മേളനം ഇൗയാഴ്ച കൊണ്ട് അവസാനിപ്പിക്കുന്നതു തീരുമാനിക്കാൻ സഭയുടെ കാര്യോപദേശകസമിതി ഇന്നു യോഗം ചേരും.
യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് തീരുമാനത്തിനായുള്ള ആകാംക്ഷയിലാണു രാഷ്ട്രീയകേരളം. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ജെയ്ക് സി.തോമസായിരുന്നു സിപിഎം സ്ഥാനാർഥി. 2016 ൽ 27,092, കഴിഞ്ഞ തവണ 9044 എന്നിങ്ങനെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. 2011 ൽ സുജ സൂസൻ ജോർജിനെതിരെ ഉമ്മൻ ചാണ്ടി നേടിയതാണ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം– 33,255.
മറ്റ് 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലും അഞ്ചിന് ഉപതിരഞ്ഞെടുപ്പു നടക്കും.
∙ തിരഞ്ഞെടുപ്പു വിജ്ഞാപനം: ഈ മാസം 10
∙ പത്രിക നൽകാനുള്ള സമയം: 17 വരെ
∙ പിൻവലിക്കാനുള്ള അവസാന തീയതി: 21