മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. യഥാർഥ പ്രതിയെ അല്ല പിടികൂടിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഷെരിഫുൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആർതർറോഡ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മുഖം തിരിച്ചറിയൽ പരിശോധനയിലും പ്രതി ഷെരിഫുൽ തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനാഫലം കൂടി വരാനുണ്ട്. സെയ്ഫ് അലി ഖാന്റെ ഇളയ മകനെ പരിപാലിക്കുന്ന നഴ്സാണ് ഏലിയാമ്മ.
ജനുവരി 16ന് പുലർച്ചെ 2.30നാണ് സെയ്ഫിന് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന നടൻ കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു.