സംഘപരിവാർ താല്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ജഡ്ജിയും അഭിഭാഷകനും സംവിധായകനൊപ്പം കാക്കനാടുള്ള സ്റ്റുഡിയോയിൽ എത്തി സിനിമ കാണും. അഭിഭാഷകരെ കൂടി സിനിമ കാണിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.സിനിമ സെൻസറിംഗിലെ സംഘപരിവാർ ഇടപെടൽ ഒരിക്കൽ കൂടി ചർച്ചയായ ഹാൽ സിനിമ വിഷയത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ജഡ്ജി സിനിമ നേരിട്ട് കാണും ഇതിനായി ശനിയാഴ്ച വൈകിട്ട് ഏഴിന് ക്രമീകരണങ്ങൾ ഒരുക്കാൻ കോടതി നിർദ്ദേശം നൽകി. ജഡ്ജിക്കൊപ്പം അഭിഭാഷകൻ, സംവിധായകൻ, എന്നിവർ കാക്കനാട് സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കാണുക . സിനിമക്കെതിരെ പരാതി ഉന്നയിച്ച കത്തോലിക്ക കോൺഗ്രസ് പ്രതിനിധിയ്ക്കും സിനിമ കാണാൻ അവസരം ഉണ്ട്. പ്രദർശനാനുമതി നിഷേധിക്കുന്നതിന് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിബന്ധനകൾ നിലനിൽക്കുന്നതാണോ എന്നാണ് കോടതി പരിശോധിക്കുക. കഥാപാത്രം ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങി ചില വാക്കുകൾ നീക്കണം എന്നീ 19 കട്ടുകളായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. ഇതിനെതിരെയാണ് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചത്.ഇത്തരം ഒട്ടേറെ പരാതികൾ എത്തുന്നുണ്ടല്ലോയെന്ന് ഹർജി പരിഗണിക്കവേ കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. കോടികൾ മുടക്കി നിർമ്മിച്ച സിനിമ സെപ്തംബർ 10ന് റിലീസ് ചെയ്യേണ്ടിയിരുന്നുവെന്നും മൂന്നുതവണ മാറ്റിവച്ചതു മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.