ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയ സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ഈ വിജയം സമർപ്പിക്കുന്നു. സൈന്യം കഠിനമായി പ്രയത്നിച്ചുവെന്നും പഹൽഗാമിൽ നിരപരാധികളായവരെ വെടിവെച്ചുകൊന്നത് വ്യക്തിപരമായി വേദനിപ്പിച്ചു. കുടുംബത്തിന് മുന്നിൽവച്ചാണ് നിരപരാധികളെ കൊലപ്പെടുത്തിയത്. ഭീകരവാദികൾക്ക് കനത്ത തിരിച്ചടി നൽകിയെന്നും പ്രധാനമന്ത്രി.
ഓപ്പറേഷൻ സിന്ദൂറിലൂടെ നീതി നടപ്പാക്കി. ഭീകരരെ അവരുടെ കേന്ദ്രങ്ങളിൽ പോയി ഭസ്മമാക്കി. ഇന്ത്യ ഇത്തരമൊരു തിരിച്ചടി നൽകുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഭീകരതയുടെ സർവകലാശാലകൾ തകർത്തു. ബഹാവൽപൂരും മുരിദ്കെയും ആഗോള ഭീകരവാദത്തിന്റെ കേന്ദ്രങ്ങളായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.