ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതിൽ കരസേനയുടെ ഉന്നതതല അന്വേഷണം. നിലവിൽ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിനു പുറമെ ബ്രിഗേഡ് കമാൻഡർതല അന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ സുരൻകോട്ടിൽനിന്നും കരസേന കസ്റ്റഡിയിലെടുത്ത നാട്ടുകാരിൽ മൂന്ന് യുവാക്കളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹത്തിൽ ക്രൂരമർദനത്തിന്‍റെ മുറിവുകളുണ്ടായിരുന്നെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തുടർന്നാണ് ഉന്നതതല അന്വേഷണം നടത്താൻ കരസേന തീരുമാനിച്ചിരിക്കുന്നത്. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി നേരത്തെ ജമ്മു കശ്മീരിലെത്തിയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചുമതലയിൽനിന്ന് മാറ്റും.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.