ചെന്നൈ: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യവുമായി തമിഴ്നാട്ടിലും മഹാറാലി. നാളെ നടക്കുന്ന റാലിയിൽ എല്ലാവരും അണിചേരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ച് മണിക്ക് ഡി.ജി.പി ഓഫീസിൽ നിന്ന് തുടങ്ങുന്ന റാലി യുദ്ധ സ്മാരകത്തിന് സമീപം അവസാനിക്കും.
‘പാകിസ്താന്റെ ഭീകരാക്രമണങ്ങൾക്കെതിരെ ധീരമായി പോരാടുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കേണ്ട സമയമാണിത്, ഇന്ത്യൻ സൈന്യത്തിന്റെ ധീരത, ത്യാഗം, സമർപ്പണം എന്നിവ ആഘോഷിക്കുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ റാലി’- സ്റ്റാലിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന റാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ആവശ്യപ്പെട്ടു.