ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി അനുവദിക്കുമെന്ന് റിപ്പോർട്ട്. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർധിപ്പിക്കാനാണ് തീരുമാനം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ അനുമതി നേടും. പുതിയ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനുമായിരിക്കും പണം അനുവദിക്കുക. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു.
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിനും പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനും ശേഷം, പാകിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വിഹിതം വർധിപ്പിച്ചത്. 100 മണിക്കൂർ നീണ്ട ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമായി പ്രതിരോധ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ദീർഘകാല പരിഹാരമെന്ന് നിർദേശിച്ചിരുന്നു. നമ്മൾ മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുകയാണെങ്കിൽ, പ്രതിരോധം ഔട്ട്‌സോഴ്‌സ് ചെയ്യുകയും നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് ഒരു ദീർഘകാല പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.