പുതുപ്പള്ളി ∙ ‘‘മുൻപെല്ലാം പ്രതിസന്ധിയുണ്ടാകുമ്പോൾ ധൈര്യത്തിന് അപ്പയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സൈബർ ആക്രമണം ഉണ്ടായപ്പോൾ മനസ്സൊന്നു പതറി. അപ്പയുടെ കല്ലറയിലെത്തി, മനസ്സു വിങ്ങി ഞാനൊന്നേ പറഞ്ഞുള്ളൂ. എനിക്കു ബലം തരണം. അവിടെനിന്നു പുറത്തിറങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എനിക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് ശക്തമായി സംസാരിക്കുന്നതാണ് കേട്ടത്”- പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ സൈബർ ആക്രമണം നേരിട്ട ദിനങ്ങളെക്കുറിച്ച് അച്ചു ഉമ്മൻ പറഞ്ഞു.
മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ അവർ വേട്ടയാടുകയായിരുന്നു. വികസനം എന്നു പറയാൻ അർഹതയില്ലാത്തവരാണ് ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ എന്തു ചെയ്തുവെന്നു ചോദിച്ചത്. അവരുടെ മുഖത്തേറ്റ അടിയാണ് ഈ ഭൂരിപക്ഷം. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ മതി എന്ന നാടിന്റെ മറുപടിയാണ് ഈ വിജയം. അപ്പ മരിച്ച് 53-ാം ദിവസമാണ് ഇന്ന്. വിലാപയാത്രയിലൂടെ നാടു നൽകിയ അന്ത്യാഞ്ജലിയിലും വലിയ മറുപടിയാണിത്– അച്ചു ഉമ്മൻ പറഞ്ഞു.
വലിയ പ്രതിസന്ധിയിലൂടെയാണ് ഈ ദിനങ്ങളിൽ കടന്നുപോയത്. അപ്പയുടെ മരണം, ജനങ്ങൾ നൽകിയ വികാരപരമായ യാത്രയയപ്പ്, അതിന്റെ തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ്. ചാണ്ടി സ്ഥാനാർഥിയായതോടെ എന്റെ ചിത്രങ്ങൾ ഉപയോഗിച്ചായി എതിർപക്ഷത്തിന്റെ ആക്രമണം. കുടുംബാംഗങ്ങളെല്ലാം എനിക്കു ശക്തമായ പിന്തുണ തന്നു. സ്ത്രീസമൂഹത്തിനുവേണ്ടി ശക്തമായി പ്രതികരിക്കണമെന്ന് ആഗ്രഹിച്ചതിനാൽ പൊലീസിനും വനിതാ കമ്മിഷനും ഉൾപ്പെടെ പരാതി നൽകി. പൂജപ്പുര പൊലീസ് നടപടി ആരംഭിച്ചെങ്കിലും സൈബർ പൊലീസും വനിതാ കമ്മിഷനും നടപടി തുടങ്ങിയിട്ടില്ല.
തിരഞ്ഞെടുപ്പിലെ കലാശക്കൊട്ടിനുശേഷവും കുടുംബത്തിനെതിരെ ആക്രമണം തുടർന്നു. എന്നാൽ, ജനം ഇതെല്ലാം തള്ളിക്കളഞ്ഞെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ഹൗസിലേക്ക് ഇനി പുതിയ എംഎൽഎ
തിരുവനന്തപുരം ∙ ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ചതിനു പിന്നാലെ പാർട്ടി പ്രവർത്തകരും അനുഭാവികളും ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം തന്നെ കെപിസിസി ഓഫിസിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.
ഉമ്മൻ ചാണ്ടിയുടെ വിലാസത്തിൽ ഒട്ടേറെ കത്തുകളാണു ദിനംപ്രതി ഇവിടെ എത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓഫിസ് മുറിയും കസേരയും ഫയലുകളുമെല്ലാം അതേ പടി നിലനിർത്തിയിരിക്കുകയാണ്. ഈ മുറിയായിരിക്കും ചാണ്ടി ഉമ്മൻ തന്റെ ഓഫിസായി ഉപയോഗിക്കുക. നാലു പതിറ്റാണ്ടു മുൻപാണ് ഉമ്മൻ ചാണ്ടി ജഗതിയിൽ വീടുവച്ച് ‘പുതുപ്പള്ളി ഹൗസ്’ എന്നു പേരിട്ടത്.