സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

news image
Sep 2, 2023, 1:46 pm GMT+0000 payyolionline.in

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസിൽ വച്ച് പീ‍ഡിപ്പിച്ചുവെന്ന പരാതി കള്ളവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഒമ്പത് വര്‍ഷം  രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു. യുഡിഎഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സോളാര്‍ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടര്‍ന്നു. കേസില്‍ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളില്‍ സോളാര്‍ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe