തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് എം.പി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ക്ലീന്‍ ചിറ്റ്. ഹൈബിക്കെതിരെ തെളിവില്ലെന്നായിരുന്നു സി.ബി.ഐ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ നടപടി.
എം.എൽ.എ. ഹോസ്റ്റലിൽവെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു സോളാർ കേസിലെ പ്രതി ഹൈബി ഈഡനെതിരെ നൽകിയ പരാതി. എന്നാൽ, ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും പരാതിയിൽ കഴമ്പില്ലെന്നും സി.ബി.ഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്.
ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാൽ, സോളാർ പീഡന പരാതിയിൽ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹരജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അടുത്ത മാസം 18ന് ഹാജരാകാനാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശം. പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും.
സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി നൽകിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്. 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.