സ്കൂട്ടറിൽ യുവതിയും മകളും, പന്തീരാങ്കാവിലെത്തിയപ്പോൾ ബുള്ളറ്റിൽ വന്ന മുൻ ഗൾഫുകാരൻ ഇടിച്ചിട്ടു; നടന്നത് മോഷണ ശ്രമം, അറസ്റ്റിൽ

news image
Nov 18, 2025, 9:27 am GMT+0000 payyolionline.in

കോഴിക്കോട്: സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം പോവുകയായിരുന്ന യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശി ആദില്‍ മുഹമ്മദാണ്(30) പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിന് സമീപം പാറക്കണ്ടി മീത്തലില്‍ വച്ചാണ് മോഷണശ്രമം നടന്നത്. പന്തീരാങ്കാവ് സ്വദേശി പ്രസീതയും മകള്‍ ദിയയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആദില്‍ ബുള്ളറ്റില്‍ എത്തി ഇരുവരെയും ഇടിച്ചിട്ട് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു.

സ്കൂട്ടറിൽ നിന്നുമുള്ള വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റെങ്കിലും ഉടനെ തന്നെ ചാടി എഴുനേറ്റ പ്രസീദ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ആദില്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ നൂറോളം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ആദില്‍ രണ്ട് വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ഇയാള്‍ ഇത് മറികടക്കാനാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe