സ്കൂട്ടർ ‘സ്വന്തമാക്കി’ തെരുവുനായ; വെട്ടിലായി സ്കൂട്ടറുടമ

news image
Jul 25, 2025, 5:32 am GMT+0000 payyolionline.in

ചിറ്റൂർ: മണിക്കൂറുകളോളം സ്കൂട്ടറിൽ കയറിയിരുന്ന തെരുവുനായ സ്കൂട്ടറുടമയെ വെട്ടിലാക്കി. വീട്ടുവളപ്പിൽ നിർത്തിയിട്ട സ്കൂട്ടറിൽ വെളുത്ത നായ കയറിയിരിക്കുന്നത് ബുധനാഴ്ച രാവിലെ 6.30 ഓടെയാണ് മണിയേരിയിലെ ബാർബർ ഷോപ്പുടമ കണ്ണൻ കാണുന്നത്. ഓടിച്ചുവിടാൻ ശ്രമിച്ചപ്പോൾ നായ കുരച്ചുചാടി.

വടിയെടുത്ത് ഓങ്ങിയപ്പോൾ പുറത്തേക്കോടി. തുടർന്ന് വീടിന് സമീപത്തുള്ള കടയ്ക്കരികിലായി സ്കൂട്ടർ ഒതുക്കിയിട്ടു. അല്പസമയം കഴിഞ്ഞ് വാഹനം എടുക്കാനെത്തിയപ്പോൾ വീണ്ടും നായ വണ്ടിയുടെ മുൻവശത്ത്. ഇത്തവണ കണ്ണൻ അടുത്തെത്തുംമുൻപേ നായ ശക്തമായി കുരച്ചോടിച്ചു. വടികൊണ്ട് അടിക്കാനോങ്ങിയിട്ടും ഫലമുണ്ടായില്ല.

നായയെ സ്കൂട്ടറിൽനിന്ന് ഇറക്കാൻ കണ്ണൻ പാടുപെടുന്നതു കണ്ട് പ്രദേശവാസികളും അതുവഴി പോയവരും കൂടിയെങ്കിലും രക്ഷയുണ്ടായില്ല. അഗ്നിരക്ഷാസേനയെയും പഞ്ചായത്തിനെയും വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പത്തുമണിയോടെ വെള്ളം കോരിയൊഴിച്ചതോടെ നായ സ്കൂട്ടറിൽ നിന്നിറങ്ങി. വീണ്ടും കയറാൻ ശ്രമം നടത്തിയതോടെ നാട്ടുകാർ വടിയെടുത്തു. നായ ഓടി. സ്കൂട്ടറുമായി കണ്ണൻ കടയിലേക്ക് പോയി.

ഉച്ചയ്ക്ക് വീടിനു മുന്നിൽ സ്കൂട്ടർ നിർത്തി ഭക്ഷണം കഴിച്ച് കണ്ണൻ തിരിച്ചെത്തുമ്പോൾ വീണ്ടും നായ സ്കൂട്ടറിലുണ്ടായിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചിട്ടും അത് ഇറങ്ങാൻ കൂട്ടാക്കിയില്ല. വെള്ളം കോരിയൊഴിച്ചിട്ടും രക്ഷയുണ്ടായില്ല. പാലക്കാട്ടുനിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി നായയെ ഓടിച്ചുവിടുകയായിരുന്നെന്ന് കണ്ണൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe