മലപ്പുറം: സ്കൂളിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ച് വലിച്ചുകൊണ്ടുപോകാനുള്ള അക്രമിയുടെ നീക്കം ധീരമായി ചെറുത്ത് കൊച്ചുമിടുക്കി. മലപ്പുറം തിരൂരങ്ങാടിയിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി 12 വയസുകാരിയെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പ്രതി ആക്രമണത്തിന് മുതിർന്നത്. റോഡില്‍വെച്ച് അയാള്‍ പെൺകുട്ടിയുടെ വായപൊത്തി. കൈകള്‍ പുറകിലേക്ക് പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി.
എന്നാല്‍, അയാള്‍ക്കതിന് സാധിച്ചില്ല. സ്‌കൂളില്‍വെച്ച് പരിശീലിച്ച കരാട്ടെ കുട്ടി, പതറാതെ ഉപയോഗിച്ചു. അക്രമിയില്‍ നിന്ന് കുതറിയോടി സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
പിന്നീട് രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണംനടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ബി പ്രദീപ് കുമാര്‍ അറിയിച്ചു.