സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് ജില്ലാ കലക്ടര്‍

news image
Jul 18, 2024, 2:18 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കോഴിക്കോട് ജില്ലാ കളക്ടർ. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗ് നിർദ്ദേശം നൽകി.

വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാമെന്ന് നിർദ്ദേശത്തിൽ പറയുന്നു.  ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും കോഴിക്കോട് ജില്ലാകലക്ടര്‍ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നില്ല. ഇതോടെ സ്കൂളിലേക്കുള്ള യാത്രയിലും തിരിച്ചും വിദ്യാർത്ഥികൾ വലഞ്ഞിരുന്നു.  മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തിൽ അവധി പ്രഖ്യാപിച്ചത്. അയല്‍ ജില്ലകളില്‍ പെയ്യുന്ന ശക്തമായ മഴകാരണം ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയിലാണ്.

കോഴിക്കോട് ജില്ലയിലടക്കം വടക്കൻ കേരളത്തിൽ മഴ ശക്തമായിരിക്കുകയാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോർഡ് ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe