സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

news image
Aug 12, 2025, 12:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാ രംഗത്ത് സമഗ്ര മാറ്റത്തിനു ഇടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുന:സംഘാടനവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ ‘സ്കൂൾ ഏകീകരണം’ മന്ത്രിസഭ പരിഗണിക്കും. സ്കൂൾ ഏകീകരണത്തോടെ, ഒന്നു മുതൽ 8വരെ ക്ലാസുകൾ പ്രൈമറി, 9 മുതൽ 12 വരെ സെക്കന്ററി എന്നീ 2 വിഭാഗങ്ങളാണ് സ്കൂളുകളിൽ ഉണ്ടാകുക. നിലവിലെ ഹയർ സെക്കന്ററി വിഭാഗം 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട ‘സെക്കന്ററി’യുടെ കീഴിലാകും.

ഇതോടെ അധ്യാപക നിയമനവും മാറി മറയും. സെക്കന്ററിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല. ഏകീകരണം നടപ്പാകുന്നതോടെ ഹയർ സെക്കന്ററി അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടി വരും. അധിക അധ്യാപകരെ പുനർവിന്യസിക്കാൻ സ്കൂൾ ഏകീകരണം സഹായിക്കും. പുതുതായി സൃഷ്ടിക്കപ്പെടുന്ന പിഐഒ തസ്തികയിൽ അധ്യാപകരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത വരില്ല.

സ്കൂൾ ഏകീകരണത്തോടെ നിലവിലെ വിദ്യാഭ്യാസ ജില്ല ഇല്ലാതാവും. പൊതുവിദ്യാഭ്യാസം ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ വികേന്ദ്രികരിക്കപ്പെടും. സ്കൂൾ മേൽനോട്ടത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ഓഫീസർ എന്ന് പുതിയ തസ്തിക വരും. പ്രഥമാധ്യാപകർ ഉൾപ്പെടെയുള്ളവരെ ഇതിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കും. ഗ്രാമപഞ്ചായത്തിൽ ഈ തസ്തികയിൽ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ വരും. ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകരായിരിക്കും ബ്ലോക്ക് പഞ്ചായത്തുകളിൽ വരിക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe