ലഖ്നോ: സ്കൂൾ വാനുകളിൽ സി.സി.ടി.വി കാമറ നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. കുട്ടികളുടെ സുരക്ഷായുറപ്പാക്കാനാണ് നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി എൽ. വെങ്കടേശ്വരലു ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സെന്റർ പ്രവർത്തനക്ഷമമാകുന്നതോടെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ഇത്തരം കാമറകൾ സ്ഥാപിക്കും.
അതേസമയം സംസ്ഥാനത്ത് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം (വി.എൽ.ടി.എസ്) നടപ്പിലാക്കുന്നതിനായി ഗതാഗത വകുപ്പ് സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇ-റിക്ഷകൾ എന്നിവ ഒഴികെയുള്ള എല്ലാ പൊതുഗതാഗത വാഹനങ്ങളെയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.