ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്ന് സൈനികൻ. ആക്രമിക്കപ്പെട്ടവരിൽ സൈനികന്റെ ഭാര്യയും ഉൾപ്പെട്ടിരുന്നു. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികനാണ് താനെന്നും എന്നാൽ സ്വന്തം ഭാര്യയെയും നാടിനെയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാല് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരാതിപ്പെട്ടിട്ടും പൊലീസും വനിതാ കമീഷനും നടപടിയെടുത്തില്ലെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു. നോർത്ത് അമേരിക്കൻ ട്രൈബൽ അസോസിയേഷനും രണ്ട് ആക്ടിവിസ്റ്റുകളും ചേർന്ന് ജൂൺ 12ന് വനിതാ കമീഷന് പരാതി നൽകിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവർ വ്യക്തമാക്കി.