കേന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. രണ്ടു വർഷമെന്ന കാലാവധി കേന്ദ്രബജറ്റിൽ നീട്ടിയില്ല. ഇതിനകം നിക്ഷേപിച്ചവർക്കുള്ള തുക പലിശസഹിതം ഏപ്രിൽമുതൽ നൽകിത്തുടങ്ങും. ഈ മാർച്ച് 31നകം പദ്ധതിയിൽ അംഗത്വമെടുത്താൽ അടുത്ത രണ്ടു വർഷത്തേക്ക് അക്കൗണ്ട് തുടരാം.
എന്താണു പദ്ധതി? ആർക്കെല്ലാം?
വനിതകൾക്കും പെൺകുട്ടികൾക്കുമുള്ള ഒറ്റത്തവണ നിക്ഷേപപദ്ധതി. കേന്ദ്ര സർക്കാർ ഗാരന്റിയുണ്ട്. ഉയർന്ന സുരക്ഷിതത്വവും മികച്ച പലിശനിരക്കും പദ്ധതിയെ ആകർഷകമാക്കുന്നു. കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 2 ലക്ഷം രൂപയുമാണ്. ഇതിനിടയിൽ നൂറിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. കാലാവധി 2 വർഷം. പ്രായപൂർത്തിയായ ഏതു വനിതയ്ക്കും ചേരാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ മാതാപിതാക്കൾക്കും ചേരാം. ഉയർന്ന പ്രായ പരിധിയില്ല. പ്രവാസികൾക്കു പദ്ധതിയിൽ ചേരാനാകില്ല.
പലിശനിരക്ക് എത്ര?
നിലവിൽ 7.5% ആണ് പലിശ. മൂന്നു മാസത്തിൽ കൂട്ടുപലിശ കണക്കാക്കുന്നതിനാൽ സാധാരണ സ്ഥിരനിക്ഷേപത്തെക്കാൾ നേട്ടം ലഭിക്കും. സാധാരണ പലിശനിരക്കിൽ കണക്കുകൂട്ടിയാൽ 8% പലിശ ഉറപ്പാക്കാം. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ ലഭിക്കും.
പലിശ കണക്കാക്കാൻ എളുപ്പ വഴി
മഹിളാ സമ്മാൻ പദ്ധതിയുടെ മെച്യുരിറ്റി തുക കണക്കാക്കാൻ ഒരു എളുപ്പവഴിയുണ്ട്. നിക്ഷേപസംഖ്യയെ 1.16കൊണ്ടു ഗുണിച്ചാൽ മതി.ഉദാ: നിക്ഷേപത്തുക = 50,000മെച്യുരിറ്റി തുക = 50,000 X 1.16 = 58,000 രൂപ പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം. പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ തുടങ്ങിയവയടക്കം നൽകി കെവൈസി നടപടികളും പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക.
കാലാവധിക്കു മുൻപ് പിൻവലിക്കാമോ?
നിബന്ധനകളോടെ കാലാവധിക്കു മുൻപു പിൻവലിക്കാം. 6 മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പിൻവലിച്ചാൽ 5.5% പലിശ മാത്രമേ ലഭിക്കൂ. നിക്ഷേപക മരിക്കുകയോ മാരകമായ രോഗം ബാധിക്കുകയോ ചെയ്താൽ അക്കൗണ്ട് അസാനിപ്പിക്കാം. കുട്ടിയാണെങ്കിൽ രക്ഷാകർത്താവു മരിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യാം, വാഗ്ദാനം ചെയ്ത 7.5% പലിശയും ലഭിക്കും.
ഉടൻ നിക്ഷേപിച്ച് നേട്ടം ഉറപ്പാക്കാം
കേന്ദ്രസർക്കാർ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കു കുറച്ചേക്കുമെന്നു സൂചനയുമുണ്ട്. 3 മാസത്തിലൊരിക്കലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പുതുക്കുന്നത്. അതായത്, അടുത്ത മാറ്റം ഏപ്രിൽ 1 മുതലാണ്. മാത്രമല്ല, മഹിളാ സമ്മാൻ പദ്ധതി നീട്ടുമോ എന്നു വ്യക്തമായിട്ടുമില്ല. അതിനാൽ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ തീരുമാനമെടുക്കുന്നതാണു നല്ലത്
നേട്ടങ്ങളും പരിമിതികളും
∙മെച്ചപ്പെട്ട പലിശ, ഉയർന്ന സുരക്ഷ, കൂട്ടുപലിശ, കുറഞ്ഞ മെച്യുരിറ്റി കാലാവധി എന്നിവ പദ്ധതിയെ ആകർഷകമാക്കുന്നു. വളരെ കുറഞ്ഞ തുകയ്ക്കുപോലും ആരംഭിക്കാം.
∙ആവശ്യത്തിനനുസരിച്ചു പിൻവലിക്കാനാവില്ലെന്നതു പരിമിതിയാണ്.
∙ ഒരാൾക്ക് ഒന്നിലധികം അക്കൗണ്ടു തുറക്കാം. പക്ഷേ, ആകെ നിക്ഷേപസംഖ്യ 2 ലക്ഷം രൂപയിൽ കവിയരുത്.
∙രണ്ടുവർഷംകൊണ്ടു പരമാവധി ലഭിക്കുന്ന പലിശ 32,000 രൂപയാണ്. അതിൽനിന്നും ടിഡിഎസ് പിടിക്കില്ല. പക്ഷേ, പലിശവരുമാനം ആകെ വരുമാനത്തിൽ ചേർത്ത് സ്ലാബ്‌നിരക്കിൽ നികുതി നൽകണം.
∙മാർച്ച് 31നു മുൻപ് ചേർന്നാൽ ഇനി രണ്ടു വർഷം 7.5% പലിശ ലഭിക്കും.
∙ മഹിളാ സമ്മാൻ സർട്ടിഫിക്കറ്റ് അക്കൗണ്ട് ആരംഭിച്ച് പോസ്റ്റ് ഓഫിസിൽ നൽകി പണം കൈപ്പറ്റാം.
∙ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം അക്കൗണ്ടിലെ തുകയുടെ 40% പിൻവലിക്കാം. ബാക്കി മുതലും പലിശയും കാലാവധിക്കു ശേഷമേ എടുക്കാനാകൂ. കൂട്ടുപലിശയായതിനാൽ ഇടയ്ക്കുള്ള പിൻവലിക്കൽ ഒഴിവാക്കുന്നതാണ് നല്ലത്.