‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിളിക്കണമെന്ന് പറയുന്നില്ല’; വീണ്ടും എംവി ഗോവിന്ദന്‍

news image
Jan 25, 2025, 7:41 am GMT+0000 payyolionline.in

തിരുവനന്തപുരം: കാന്തപുരത്തിന്‍റെ പേര് പറയാതെ വിമർശനം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ല. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടി വോട്ട് നേടിയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ജയിച്ചതെന്ന ആരോപണവും എം വി ഗോവിന്ദൻ ആവർത്തിച്ചു.

അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം പറഞ്ഞതോടെയാണ് വിവാദത്തിന്‍റെ തുടക്കം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം വി ഗോവിന്ദൻ ഓ‍ർമ്മിപ്പിച്ചു.

പിന്നാലെ കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ എന്ന ചോദ്യവുമായി കാന്തപുരം രംഗത്തെത്തി. ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു. എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe