ഭോപാൽ: ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം.പി അജയ് പ്രതാപ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്ന ഭരണസമിതിയുടെ നടപടികളിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സിങ് തന്നെയാണ് രാജിക്കത്ത് പങ്കുവെച്ചത്.
“ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്,” ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ അഭിസംബോധന ചെയ്ത ഒറ്റവരി കത്തിൽ അദ്ദേഹം പറഞ്ഞു. രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിലുള്ള അതൃപ്തി അദ്ദേഹം പ്രകടമാക്കിയത്. തനിക്ക് സിദി ലോക്സഭാ സീറ്റിൽ നിന്നും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ രാജേഷ് മിശ്രയെയാണ് പ്രസ്തുത സീറ്റിലേക്ക് പാർട്ടി നാമകരണം ചെയ്തതെന്നും സിങ് പറഞ്ഞു.
2018ൽ ബി.ജെ.പി അജയ് സിങ്ങിനെ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. രാജ്യസഭാംഗമായ സിങ്ങിന്റെ ഏപ്രിൽ രണ്ടിന് അവസാനിക്കാനിരിക്കെ പാർട്ടി അദ്ദേഹത്തെ വീണ്ടും നാമനിർദേശം ചെയ്തിട്ടില്ല.