സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ കാണിക്കും

news image
Mar 31, 2025, 1:16 am GMT+0000 payyolionline.in

മൊബൈൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ സ്പാം കോളുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഏതൊരു കോളറുടെയും പേര് പ്രദർശിപ്പിക്കാനും അജ്ഞാത കോളുകളോട് വിട പറയാനും കഴിയും. അതായത് വിളിക്കുന്നയാളുടെ പേരറിയാൻ ഇനി ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. കാരണം ടെലികോം കമ്പനികൾ തന്നെ വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇതിനായി ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്‌വെയറുകളും ഈ കമ്പനികൾ ഒരുമിച്ച് വികസിപ്പിക്കും.

 

കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ടെലികോം കമ്പനികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല സ്ഥലങ്ങളിലും ഇതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും.

 

2024 ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്‍മാർട്ട്‌ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്‍പാം കോളുകളുടെ ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകൾ തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കും.

 

സിഎൻഎപി എങ്ങനെ പ്രവർത്തിക്കും?

 

ലളിതമായി പറഞ്ഞാൽ, മൊബൈൽ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ സിഎൻഎപി നടപ്പിലാക്കുമ്പോൾ, ടെലികോം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. എങ്കിലും, തുടക്കത്തിൽ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകൾ മാത്രമേ സ്ക്രീനിൽ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെൽ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാൽ, അയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകില്ല. ടെലികോം കമ്പനികൾക്കിടയിൽ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന്കാരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe