സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വാര്‍ഷിക കാമ്പ് ഞായറാഴ്ച മുതല്‍; സംസ്ഥാനതല ക്വിസ് മത്സരം വ്യാഴാഴ്ച

news image
Feb 3, 2024, 4:01 pm GMT+0000 payyolionline.in

 

തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ കാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി കാമ്പില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യങ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.

കാമ്പിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് പേരൂർക്കട എസ്.എ.പി കാമ്പിലെ അരങ്ങ് ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. സമാപന സമ്മേളനം ഫെബ്രുവരി 11 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകീട്ട് ആറ് മുതൽ നടക്കും. ജി.എസ്. പ്രദീപ് ആണ് ക്വിസ് മാസ്റ്റര്‍. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും.

ഫെബ്രുവരി 11ന് രാവിലെ എട്ടിന് എസ്.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും. സമൂഹത്തിന്‍റെ വിവിധ തുറകളിലെ പ്രഗത്ഭരുമായി സംവദിക്കാന്‍ കാമ്പിലെ അംഗങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിക്കറ്റ് താരം മിന്നു മണി, സിനിമ സംവിധായകന്‍ ബേസിൽ ജോസഫ്, ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ റൈഫിൾ ഷൂട്ടർ സിദ്ധാർഥ ബാബു, പർവതാരോഹകന്‍ ഷെക്ക് ഹസന്‍ ഖാന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡി.രഞ്ജിത്ത്, അശ്വതി ജിജി, എം.പി ലിപിന്‍ രാജ് എന്നിവര്‍ കുട്ടികളോട് സംസാരിക്കും. സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, കീര്‍ത്തി സുരേഷ് എന്നിവരും കുട്ടികളെ കാണാന്‍ എത്തും. മൂന്നു സൈനിക വിഭാഗങ്ങളിലേയും കോസ്റ്റ് ഗാര്‍ഡിലേയും ഉദ്യോഗസ്ഥരോട് ഇടപഴകാനും കുട്ടികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവഗാഹം പകരുന്ന നിരവധി ക്ലാസുകളും മറ്റും കാമ്പില്‍ ഒരുക്കിയിട്ടുണ്ട്. കാമ്പിന്‍റെ ഭാഗമായി നിയമസഭ, വിഴിഞ്ഞം തുറമുഖം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അരുവിക്കര ജലശുദ്ധീകരണശാല, മുട്ടത്തറ സ്വീവറേജ് പ്ലാന്‍റ്, ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ, മാധ്യമസ്ഥാപനം എന്നിവ സന്ദര്‍ശിക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe