സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി ഉപയോഗിച്ചാല്‍ ഇനി പിരിച്ചുവിടും

news image
Apr 2, 2025, 11:53 am GMT+0000 payyolionline.in

ലഹരി ഉപയോഗിച്ചാല്‍ ഇനി ജോലി പോകും. ജീവനക്കാര്‍ക്കിടയില്‍ ലഹരി പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടുന്ന  പദ്ധതിയുമായി പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും കൈകോര്‍ക്കുന്നു. രക്തം–മുടി പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്താനാണ് തീരുമാനം. ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചെന്ന് ദക്ഷിണമേഖല ഐജി എസ്. ശ്യാംസുന്ദര്‍ പറഞ്ഞു.

സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളില്‍  70 ശതമാനവും മെച്ചപ്പെട്ട ശമ്പളമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെന്നാണ് പൊലീസിന്‍റെ കണക്ക്. ഇവരിലെ ലഹരി ഉപയോഗത്തിന് തടയിട്ടാല്‍ തന്നെ ലഹരിഭീഷണിക്ക് പകുതി പരിഹാരമാകുമെന്നും കരുതുന്നു. അതിനായാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള പോഷ് ആക്ടിന്‍റെ മാതൃകയില്‍ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്. നിശ്ചിത ഇടവേളകളില്‍  മുഴുവന്‍ ജീവനക്കാരെയും  പരിശോധിച്ച് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ പിരിച്ചുവിടുന്നതാണ് രീതി. ഒരു തവണ രാസലഹരി ഉപയോഗിച്ചാല്‍ മൂന്ന് മാസം കഴി‍ഞ്ഞ് നടത്തുന്ന പരിശോധനയില്‍ പോലും കണ്ടെത്താനാകും.

ഐ.ടി രംഗത്തേയടക്കം വിവിധ മാനേജ്മെന്‍റുകളും അസോസിയേഷനുകളുമായി ഐ.ജി ശ്യാംസുന്ദറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലാവരും പരിശോധനക്ക് സമ്മതമറിയിച്ചു. സ്ഥാപനങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തി ഘട്ടംഘട്ടമായി നടത്താനാണ് തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe