സ്വകാര്യ വീഡിയോയെച്ചൊല്ലി തർക്കം; തൃശൂരിൽ സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി കവർച്ച നടത്തിയ എട്ടംഗ സംഘം പിടിയിൽ

news image
Mar 4, 2026, 10:07 am GMT+0000 payyolionline.in

തൃശൂർ: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് സ്വർണ്ണവും പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ എട്ടുപേർ പോലീസ് പിടിയിലായി. കർണാടക സ്വദേശിനിയായ മുൻ ജീവനക്കാരിയും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണ് പിടിയിലായത്. മൂന്ന് യുവതികൾ, രണ്ട് ട്രാൻസ്‌ജെൻഡർമാർ, രണ്ട് പുരുഷന്മാർ എന്നിവരുൾപ്പെട്ട എട്ടംഗ സംഘത്തെ പട്ടിക്കാട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലും ബൈക്കിലുമായി സംഘം സ്പാ നടത്തിപ്പുകാരിയുടെ വീട്ടിലെത്തിയത്. സ്പായിൽ നേരത്തെ ജോലി ചെയ്തിരുന്ന യുവതിയുടെ സ്വകാര്യ വീഡിയോകൾ നടത്തിപ്പുകാരിയുടെ കൈവശമുണ്ടെന്ന സംശയത്തെത്തുടർന്നാണ് സംഘം തൃശൂരിലെത്തിയത്. വീട്ടിലുണ്ടായിരുന്ന നടത്തിപ്പുകാരിയെയും മറ്റ് മൂന്ന് യുവതികളെയും ഭീഷണിപ്പെടുത്തിയ സംഘം ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും ഒരു പവൻ സ്വർണ്ണാഭരണവും കവർന്നു. കൂടാതെ ഗൂഗിൾ പേ വഴി 20,000 രൂപയും നിർബന്ധപൂർവ്വം അയപ്പിച്ചു.

സംഘം മടങ്ങിയ ഉടൻ നടത്തിപ്പുകാരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ ദേശീയപാതയിൽ പട്ടിക്കാട് വെച്ച് പോലീസ് സംഘത്തെ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ബെംഗളൂരു, കോയമ്പത്തൂർ സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നവർ. സ്പാ നടത്തിപ്പിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe