കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ടുതവണയായി 1400 രൂപ ഉയര്‍ന്ന പിന്നാലെയാണ് ഇന്നും വില മുന്നേറ്റം. രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ ശേഷം സ്വര്‍ണം ഇന്നലെ വൈകീട്ട് ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും കയറാന്‍ തുടങ്ങി. ഓണ്‍ലൈന്‍ സ്വര്‍ണ വ്യാപാരം വന്‍തോതില്‍ കൂടിയതാണ് വില അടിക്കടി ഉയരാന്‍ കാരണം
ആഭരണമായും കട്ടിയായും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഡിജിറ്റലായി വാങ്ങി സൂക്ഷിക്കുന്നവര്‍ ഏറുകയാണ്. നേരിട്ട് വാങ്ങുന്നില്ല എന്നതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ല എന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകള്‍ ഉണ്ട്. അതിന് പുറമെ പല കമ്പനികളുടെയും ഗോള്‍ഡ് ഇടിഎഫുകളും പ്രവര്‍ത്തിക്കുന്നു.
ആഗോള വിപണിയല്‍ ഔണ്‍സ് സ്വര്‍ണത്തിന് 4045 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം സ്വര്‍ണവില 4005ലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് വീണ്ടും കയറി 4025ലേക്ക് എത്തി. അതുകൊണ്ടുതന്നെ കേരളത്തില്‍ സ്വര്‍ണവില നേരിയ മുന്നേറ്റമാണ് ഇന്ന് നടത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കയറിയത്. അതായത്, 22 കാരറ്റ് സ്വര്‍ണം ഒരു പവന് 91040 രൂപയും ഗ്രാമിന് 11380 രൂപയുമായി. പവന് 91000 കടന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.
കേരളത്തില്‍ സ്വര്‍ണം എന്നാല്‍ ആഭരണവും 22 കാരറ്റുമാണ്. മറ്റു കാരറ്റുകള്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ വില ഉയരാന്‍ തുടങ്ങിയതോടെ പലരും ചെറിയ കാരറ്റുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. 18 കാരറ്റ് ഗ്രാമിന് 9360 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7285 രൂപയും 9 കാരറ്റ് ഗ്രാമിന് 4715 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 164 രൂപയായി ഉയര്‍ന്നു.