സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ കൊലപ്പെടുത്തിയിട്ട് ഒന്നര മാസം, പ്രധാന പ്രതികളെ പിടിക്കാതെ പൊലീസ്

news image
Sep 5, 2022, 3:22 am GMT+0000 payyolionline.in

കോഴിക്കോട്: പന്തിരിക്കരയില്‍ യുവാവിനെ  സ്വര്‍ണ്ണക്കടത്തു സംഘം  കൊലപ്പെടുത്തി ഒന്നര മാസം പിന്നിട്ടിട്ടും  പ്രധാന പ്രതികളെ പിടികൂടാനാവാതെ പൊലീസ്.  സ്വര്‍ണ്ണക്കടത്ത് സംഘത്തലവന്‍ മുഹമ്മദ് സ്വാലിഹ് ഉള്‍പ്പെടെ വിദേശത്തുള്ള  മൂന്ന് പ്രധാന പ്രതികളെയും നാട്ടിലെത്തിക്കാനുള്ള പോലീസിന്‍റെ ശ്രമം എങ്ങുമെത്തിയിട്ടില്ല. അതേസമയം കൊല്ലപ്പെട്ട ഇര്‍ഷാദില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയവര്‍ക്കെതിരെ  നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇര്‍ഷാദിന്‍റെ കുടുംബം എസ്‍പിക്ക് പരാതി നല്‍കി.

 

വിദേശത്തു നിന്നും കൊടുത്തയച്ച സ്വര്‍ണ്ണം കൈമാറിയില്ലെന്ന പേരില്‍ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം  തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ജൂലായ് 15ന്. ഒന്നരമാസം പിന്നിടുമ്പോഴും കേസിലെ പ്രധാന മൂന്നു പ്രതികള്‍ സ്വതന്ത്രരായി വിലസുകയാണ്. ഒന്നാം പ്രതി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ്,സഹോദരനും രണ്ടാം പ്രതിയുമായ ഷംനാദ്, നാലാം പ്രതി ഉബൈസ് എന്നിവരെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ദുബായിലുള്ള മൂവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഇവരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇവരുടെ പാസ്പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. അതിനിടെ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി ഇര്‍ഷാദിന്‍റെ കുടുംബം രംഗത്തെത്തി. കള്ളക്കടത്ത്  സ്വര്‍ണ്ണം വാങ്ങി മറിച്ചു വിറ്റ ഷമീറിനെയും കൂട്ടാളികളേയും  അന്വേഷണ സംഘം സംരക്ഷിക്കുകയാണെന്ന് കാട്ടി കുടുംബം വടകര റൂറല്‍ എസ് പിക്ക് പരാതി നല്‍കി.

ഇര്‍ഷാദ് കൊണ്ടു വന്ന സ്വര്‍ണ്ണം ഷമീറും കൂട്ടാളികളും പാനൂരിലെ ജ്വല്ലറിയില്‍ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വര്‍ണ്ണം അന്വേഷണ സംഘം ജ്വല്ലറിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ഇവരെ കേസില്‍ പ്രതി ചേര്‍ക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേ സമയം  സ്വര്‍ണ്ണം മേടിച്ചെടുത്തവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന്  പൊലീസ് അറിയിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe