കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ആഗോള വിപണിയില്‍ വില ഉയര്‍ന്ന പിന്നാലെയാണ് കേരളത്തില്‍ റെക്കോര്‍ഡ് നിരക്കിലെത്തിയത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്നതും അമേരിക്കയിലെ സാമ്പത്തിക ഞെരുക്കം പൂര്‍ണമായി നീങ്ങാത്തതുമാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4049 ഡോളര്‍ ആണ് പുതിയ വില. കേരളത്തില്‍ 22 കാരറ്റ് ഒരു പവന് നല്‍കേണ്ടത് 91960 രൂപയാണ്. 40 രൂപ കൂടി വര്‍ധിച്ചാല്‍ 92000 രൂപയാകും. നിലവില്‍ ഒരു പവന് ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. ഇത്രയും ഉയര്‍ന്ന വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ പ്രയാസമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു പവന് സ്വര്‍ണം കിട്ടാന്‍ വഴിയുണ്ട്.
18 കാരറ്റ് സ്വര്‍ണം വാങ്ങിയാല്‍ വില കുറയും. ഈ സ്വര്‍ണം ഒരു ഗ്രാമിന് 9450 രൂപയാണ്. ഒരു പവന് 75600 രൂപയും. ആഭരണം വാങ്ങുമ്പോള്‍ 83000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വര്‍ണത്തിന് വില കുറയുമെങ്കിലും ഇത്തരം ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്. മാത്രമല്ല, കല്ലുകളും മറ്റും ഘടിപ്പിക്കുന്നതിനാല്‍ അതിനുള്ള വില കൂടി നല്‍കേണ്ടി വരികയും ചെയ്യും.
ഇന്ന് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7355 രൂപയാണ്. 9 കാരറ്റ് ഗ്രാമിന് 4740 രൂപയും. സ്വര്‍ണവില ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സ്വര്‍ണത്തിന് പ്രിയേേമറിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പണിക്കൂലി, തിളക്കം കുറയുമെന്ന ഭയം, ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ ബാങ്കുകള്‍ സ്വീകരിക്കാത്തത് തുടങ്ങിയ ഘടകങ്ങള്‍ ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുന്നു.
വെള്ളിയുടെ വില ഞെട്ടിക്കുന്നു വെള്ളിയുടെ വിലയിലെ വര്‍ധനവാണ് എടുത്തു പറയേണ്ടത്. ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. അതായത്, ഒരു ഗ്രാം വെള്ളിയുടെ വില 185 രൂപയായി. ഇത്രയും വില ഒരു ദിവസം ഉയരുന്നത് ആദ്യമാണ്. സ്വര്‍ണത്തിന് വില ഉയര്‍ന്ന പിന്നാലെ വെള്ളി വാങ്ങുന്നതിന് കൂടുതല്‍ പേര് ശ്രമിച്ചിരുന്നു. ഇതോടെയാണ് വെള്ളിയ്ക്കും വില ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4049 ഡോളറായി. ഡോളര്‍ സൂചിക 98.90ലെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം 88.73 ആയി. ഈ മൂന്ന് കാര്യങ്ങളും ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന് വില 86560 രൂപയായിരുന്നു. ഇന്നത്തെ വിലയേക്കാള്‍ 5400 രൂപ കുറവ്. കഴിഞ്ഞ മാസം 9000 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഈ മാസം രണ്ടാഴ്ചയ്ക്കിടെ 5400 രൂപ ഉയര്‍ന്നു.
എല്ലാ ദിവസവും രാവിലെയും വൈകീട്ടും വില ഉയരുന്നു എന്നതാണ് അടുത്തിടെ സ്വര്‍ണവിപണിയില്‍ കാണുന്ന പ്രധാന മാറ്റം. അടുത്ത കാലം വരെ അപൂര്‍വമായിട്ടേ ഇങ്ങനെ വില മാറ്റം സംഭവിച്ചിരുന്നുള്ളൂ. അതേസമയം, ക്രൂഡ് ഓയില്‍ വില കുറയുന്നത് വിപണിക്ക് സന്തോഷം നല്‍കുന്നതാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 63.50 ഡോളറാണ് പുതിയ നിരക്ക്. ഇനിയും വില കുറഞ്ഞാല്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കാം.