മിനി എസ്‌യുവികളുടെ വരവോടെ പ്രതാപം ചെറുതൊയെന്ന് ഇടിഞ്ഞ സെഗ്മെന്റാണ് പ്രീമിയം ഹാച്ച്ബാക്കുകളുടേത്. മാരുതി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ വിരലിൽ എണ്ണാവുന്ന മോഡലുകൾ മാത്രമാണ് ശ്രേണിയിലുള്ളതെങ്കിലും പ്രായോഗികതയിലും മൈലേജിലും എല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേക്കാൾ മിടുക്കൻമാരാണ് ഇവരെന്ന് വേണം പറയാൻ. നിലവിൽ ബലേനോ പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിൽപ്പന നടത്തുമ്പോൾ എതിരാളികളുടെ വിൽപ്പന കണക്കുകളെല്ലാം കൂട്ടിച്ചേർത്താലും പതിനായിരം യൂണിറ്റുകൾ എത്തുന്നില്ലെന്നതാണ് രസകരമായ കാര്യം. എന്നാൽ ടോപ്പ് ഗിയറിലേക്ക് കച്ചോടം എത്തിക്കാനായി ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് നാളെ വിപണിയിലേക്ക് എത്തുകയാണ്.
അതും സെഗ്മെന്റിലെ ലക്ഷ്വറി കാർ ആവാനുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ആൾട്രോസ് മുഖംമിനുക്കിയെത്തുന്നത്. ഔദ്യോഗിക അവതരണത്തിന് മുമ്പേ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും കാറിന്റെ പുത്തൻ ലുക്ക് ആളുകളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോർസ് ഹൈപ്പ് ഉയർത്തുകയും ചെയ്‌തിരുന്നു. ഇനി എല്ലാവർക്കും അറിയേണ്ടത് വിലയാണ്. ആ കാത്തിരിപ്പിനും നാളത്തോടെ വിരാമാവും.
നിലവിലെ ആൾട്രോസിന് 6.65 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുമ്പോൾ വിലയിൽ ചെറിയ വർധനവ് ഉണ്ടാവുമെങ്കിലും പ്രാരംഭ വില 7 ലക്ഷത്തിന് താഴെ തന്നെ പിടിച്ചുനിർത്താൻ കമ്പനിക്കാവുമെന്നാണ് അനുമാനം. അങ്ങനെയെങ്കിൽ മാരുതി സുസുക്കിയുടെ രണ്ട് മോഡലുകൾക്കാവും പ്രധാനമായും പണികിട്ടുക. മറ്റാർക്കുമല്ല, ബലേനോയ്ക്കും സ്വിഫ്റ്റിനുമായിരിക്കും മുഖംമിനുക്കിയെത്തുന്ന ആൾട്രോസിന്റെ വരവ് ക്ഷീണമുണ്ടാക്കുക.
പുതിയ ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻവശത്ത് ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഐബ്രോ പോലുള്ള എൽഇഡി ഡിആർഎല്ലുകളും ഇരുവശത്തും പ്രത്യേക ഹൗസിംഗിൽ സ്ഥാപിച്ചിരിക്കുന്ന പുതുതായി രൂപകൽപ്പന ചെയ്ത പിക്‌സൽ-ടൈപ്പ് എൽഇഡി ഫോഗ്‌ലാമ്പുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബമ്പറിന് മുകളിൽ കട്ടിയുള്ള കറുത്ത ഇൻസേർട്ട് ഉപയോഗിച്ച് ഹൗസിംഗുകൾ ബന്ധിപ്പിച്ചിരിക്കുന്നതും കാണാൻ ചേലുണ്ട്.
അങ്ങനെ ലുക്കിന്റെ കാര്യത്തിൽ മുമ്പത്തേക്കാൾ സ്പോർട്ടിയറാവാൻ ആശാന് സാധിച്ചിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. വശങ്ങളിലുമുണ്ട് ചില കിടിലൻ നവീകരണങ്ങൾ. പുതുതായി ഡിസൈൻ ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് വാഹനത്തിനൊപ്പം എത്തുക. ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ബ്ലാക്ക്-ഔട്ട് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകളും രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്.
മുൻവശത്തെ ഡോറുകൾക്ക് ഇലുമിനേറ്റഡ് ഫങ്ഷനോട് കൂടിയ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളാണ് ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. ഈയൊരു ഫീച്ചർ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ആദ്യമായിട്ടാണ് കടന്നുവരുന്നത്. അതേസമയം റിയർ ഡോർ ഹാൻഡിലുകൾ പഴയതു പോലെ തന്നെ സി-പില്ലറുകളിൽ ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുകയാണ്. ആധുനിക രൂപത്തിലുള്ള കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളാണ് പിൻവശത്തെ അഴക്.
ഡ്യൂൺ ഗ്ലോ, പ്രിസ്റ്റൈൻ വൈറ്റ്, റോയൽ ബ്ലൂ, എംബർ ഗ്ലോ, പ്യുവർ ഗ്രേ എന്നിങ്ങനെ വർണാഭമായ കളർ ഓപ്ഷനുകളിലും ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാൻ ഇത്തവണ അവസരം ലഭിക്കും. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ 5 പുത്തൻ വേരിയന്റുകളിലാവും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാവുകയെന്നും ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖംമുനിക്കിയെത്തുന്ന ആൾട്രോസിന്റെ എക്സ്റ്റീരിയറിനേക്കാൾ കിടിലം ഇന്റീരിയറാണ് കേട്ടോ. ബീജ് നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും പുതിയ ഡാഷ്‌ബോർഡ് ലേഔട്ടും ഉപയോഗിച്ച് അകത്തളം മൊത്തത്തിൽ പൊളിച്ചടുക്കിയിരിക്കുകയാണ്. ടാറ്റയുടെ മറ്റ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഇലുമിനേറ്റഡ് ലോഗോയുള്ള പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ കാറിന് വല്ലാത്തൊരു ആഡംബരമാവും സമ്മാനിക്കുക.
ഇതോടൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച് അധിഷ്ഠിത എസി കൺട്രോൾ പാനൽ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, iRA കണക്റ്റഡ് വെഹിക്കിൾ ടെക്, എയർ പ്യൂരിഫയർ, വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളാലും പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായിരിക്കും.
സേഫ്റ്റിയുടെ കാര്യത്തിലും 5-സ്റ്റാർ നിലവാരം ആൾട്രോസ് പുലർത്തുമെന്നതിൽ ആർക്കും സംശയങ്ങളൊന്നും വേണ്ട. സ്റ്റാൻഡേർഡായി തന്നെ കാറിൽ 6 എയർബാഗുകൾ, ISOFIX ചൈൽഡ് സെറ്റ് ആങ്കറേജുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും മോഡലിലുണ്ടാവും. എഞ്ചിൻ ഓപ്ഷനുകൾ നിലവിലെ മോഡലിൽ നിന്ന് കടംകൊള്ളും.
അതായത് 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകാനെത്തുകയെന്ന് ചുരുക്കം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ NA യൂണിറ്റിന് 86 bhp കരുത്തിൽ 113 Nm torque നൽകുമ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസലിന് 90 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്.
എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം മൈലേജ് ഹൈലൈറ്റായതിനാൽ സിഎൻജി പതിപ്പിന് 74 bhp പവറിൽ 103 Nm torque വരെ നൽകാനാവും. ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവൽ ഗിയബോക്‌സ് സംവിധാനമായിരിക്കും ടാറ്റ കരുതിവെച്ചിരിക്കുന്നത്.
ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവോടെ പെർഫോമൻസ് ഹാച്ച്ബാക്കായി പുറത്തിറക്കിയ ആൾട്രോസ് നിർത്തലാക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ അതിലെ ടർബോ പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡ് വേരിയന്റുകളിലേക്ക് എത്തിയേക്കാം. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ ഈ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോ-പെട്രോൾ യൂണിറ്റ് 118 bhp പവറിൽ 170 Nm torque വരെയാണ് നൽകുന്നത്.
ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ഈ വർഷം അവസാനത്തോടെ ഹാരിയർ, സഫാരി എസ്‌യുവികൾക്ക് പെട്രോൾ എഞ്ചിൻ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവികൾക്ക് തുടിപ്പേകാനായി എത്തുക. ഇത് ഏകദേശം 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.