സ്വർണം പൂശിയ പിക്കപ്പ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം റീൽ നിർമിക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; ഒരാൾ അറസ്റ്റിൽ

news image
Mar 30, 2024, 9:56 am GMT+0000 payyolionline.in

ന്യൂഡൽഹി: വൈറലാവാൻ സ്വർണം പൂശിയ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് ഇൻസ്റ്റഗ്രാം റീലിനു വേണ്ടി പൊലീസ് ബാരിക്കേഡ് കത്തിച്ചു. കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം റീൽ ഷൂട്ടിനായി ഇതേ സ്വർണം പൂശിയ ഇസുസു ഡി മാക്സ് പിക്കപ്പ് ട്രക്ക് പശ്ചിമ വിഹാർ മേൽപാലം തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.

 

വീഡിയോയിൽ സ്വർണം പൂശിയ പിക്കപ്പ് ട്രക്ക് ബാരിക്കേഡിന് പുറകിൽ പാർക്ക് ചെയ്ത് ചുവപ്പും നീലയും ലൈറ്റുകൾ കത്തിച്ച് കിടക്കുന്നത് കാണാം. തുടർന്ന് ബാരിക്കേഡിന് തീപിടിക്കുമ്പോൾ യുവാവ് സ്ലോ മോഷനിൽ നടക്കുന്നതായാണ് റീൽ. തനിക്ക് പൊലീസിനെ പേടിയില്ലെന്ന് യുവാവ് റീലിനടിയിൽ കുറിച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രദീപ് ധകാജാതിന്‍റേതാണ് കേസിനാസ്പദമായ വൈറൽ വീഡിയോ. നിഹാൽ വിഹാർ പൊലീസ് വൈറൽ വീഡിയോക്ക് പിന്നിലുള്ളവർക്കെതിരെ കേസെടുക്കുകയും തുടർന്ന് വീഡിയോയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

സ്വർണാഭരണങ്ങളും വിലകൂടിയ കാറുകളും ഉൾപ്പെടെ ആഡംബര ജീവതശൈലി പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന യുവാവിന് ഇൻസ്റ്റഗ്രാമിൽ 71,000 ഫോളോവേഴ്സാണുള്ളത്. സമൂഹമാധ്യമങ്ങളിൽ നെറ്റിസൺസ് ഇയാൾക്കെതിരെ രംഗത്തുവരികയും ഇത്തരം പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡൽഹി പൊലീസിനോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe