‘സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്’: തൃശൂർ ബിജെപി തൊടില്ലെന്ന് എം.വി.ഗോവിന്ദൻ

news image
Jan 5, 2024, 11:00 am GMT+0000 payyolionline.in

തിരുവനന്തപുരം∙ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തൃശൂരിലെ റാലിക്കിടെ, ‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണു സ്വർണ കള്ളക്കടത്തു നടന്നതെന്ന് അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.

‘‘സ്വർണക്കടത്തു വിമാനത്താവളം കേന്ദ്രീകരിച്ചാണു നടക്കുന്നത്. അതു കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല. പൂർണമായും കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം അവരുടെ നിയന്ത്രണത്തിലാണ്. സ്വർണക്കടത്തിലെ പ്രതികളെ വിദേശത്തുനിന്നു കൊണ്ടുവന്നു കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ല. കേരള പൊലീസല്ല ആ പ്രതികളെ പിടിക്കേണ്ടത്. ഇതെല്ലാം മറച്ചുവച്ച് ആളെ പറ്റിക്കാൻ പൈങ്കിളി രീതിയിൽ വർത്തമാനം പറയുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും സ്വർണക്കടത്തു കേസ് തെളിയിക്കാൻ കഴിയാത്തത് എന്നു കേന്ദ്രം പറയുന്നില്ല’’– എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃശൂർ ലോക്സഭാ സീറ്റ് ബിജെപി തൊടാൻ പോകുന്നില്ലെന്നു ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ സീറ്റ് നേടുമെന്ന് എത്രയോ കൊല്ലമായി ബിജെപി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം സീറ്റ് നേടുമെന്നാണു പറഞ്ഞത്. കേരളത്തിൽനിന്നു പാർലമെന്റിലേക്ക് ഒരു സീറ്റും ബിജെപി നേടാൻ പോകുന്നില്ല. ഈ നാടിന്റെ ഏറ്റവും വലിയ ശത്രു മതനിരപേക്ഷതയ്‌ക്കെതിരെ നീങ്ങുന്ന ബിജെപിയാണെന്നു നാടിനറിയാം. വർഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe