സ്വർണക്കൊള്ള: ലാബ് റിപ്പോർട്ട് വൈകുന്നതും കേസ് മാറ്റിയതും ദുരൂഹമെന്ന് യുഡിഎഫ്

news image
Mar 28, 2026, 7:32 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. കേസിൽ നിർണായകമായ തെളിവുകൾ പരിശോധിക്കുന്നത് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ലാബിലാണ് എന്നതാണ് യു ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്. ഇവിടെ നിന്നുള്ള പരിശോധനാഫലം ഏപ്രിൽ അവസാനത്തോടെ മാത്രമേ ലഭിക്കൂവെന്ന് എസ്‌ഐടി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് കേസ് മേയ് 18 -ലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് നീട്ടിവച്ചത് സംസ്ഥാന സർക്കാരിനും സിപിഎമ്മിനും താൽക്കാലിക ആശ്വാസമാണ്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നിരുന്നെങ്കിൽ അത് എൽഡിഎഫിന് വലിയ തിരിച്ചടിയാകുമായിരുന്നുവെന്നാണ് യുഡിഎഫ് വിമർശനം. സിപിഎം-ബിജെപി ഡീൽ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യവും ചർച്ചയാവുന്നത്.

സ്വർണ്ണക്കൊള്ള കേസിലെ നിർണായക വിധി നേരത്തെ വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് കേസ് മെയ് 18-ലേക്ക് മാറ്റുകയായിരുന്നു. 45 ദിവസത്തിനകം പരിശോധന പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടും ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയാണ് പരിശോധന നടത്തുന്നത്. ഈ ലാബാണ് ഫലം വൈകുമെന്ന് എസ്‌ഐടിയെ അറിയിച്ചിട്ടുള്ളത്. ഫലം വൈകിപ്പിക്കുന്നതിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും റിപ്പോർട്ട് വൈകുന്നത് രാഷ്ട്രീയമായി ആരെയാണ് സഹായിക്കുകയെന്ന് തിരിച്ചറിയണമെന്നും യുഡിഎഫ് ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കാൻ സിപിഎമ്മിനെ ഇത് പരോക്ഷമായി സഹായിക്കുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരിശോധനാ ഫലം മന:പൂർവ്വം വൈകിപ്പിക്കുകയാണോ എന്നും അവർ ചോദ്യമുയർത്തുന്നു. ഇതോടെ, തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറയുകയാണ്. അതേസമയം ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അടക്കമുള്ളവർ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് പാടി പ്രചാരണം നടത്തുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe