ശബരിമല: സ്വർണക്കൊള്ള വിവാദത്തിനു പിന്നാലെ സന്നിധാനത്ത് ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൽ ക്രമക്കേട്. വിതരണത്തിന് കൗണ്ടറിൽ ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാനില്ല. ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലിലീറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്നു ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തവണത്തെ മണ്ഡലകാലത്ത് വിൽപനയ്ക്കു നൽകിയ പാക്കറ്റുകളിലാണു ക്രമക്കേട് നടന്നത്.
ടിക്കറ്റിനും നെയ്യ് വിതരണത്തിനും പ്രത്യേക കൗണ്ടറുകളാണുള്ളത്. ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാരെയാണ് ഇത്തരം കൗണ്ടറുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അവർ നടത്തിയ പരിശോധനയിൽ ദിവസം എത്ര പാക്കറ്റ് നിറച്ചു, വിതരണത്തിന് എത്ര നൽകി, വിറ്റഴിച്ചത്, ബാക്കിയുള്ളത് തുടങ്ങിയ കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തത് ക്രമക്കേടുകൾ അവസരം നൽകുന്നു. മുൻവർഷങ്ങളിലും ഇത്തരം ക്രമക്കേട് നടന്നതായാണ് വിവരം. അപ്പോഴെല്ലാം എണ്ണത്തിലെ പിശകാണെന്നു പറഞ്ഞ് ദേവസ്വം ഉദ്യോഗസ്ഥർ ഒതുക്കി തീർക്കുകയാണ് പതിവ്.നെയ്യ് പാക്കറ്റിൽ നിറയ്ക്കുന്നതു മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ റജിസ്റ്ററുകൾ സൂക്ഷിക്കാത്തതു ക്രമക്കേടുകൾ ആവർത്തിക്കാൻ ഇടയാക്കുന്നു. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമ്പോൾ തന്നെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമവും ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ട്.
