കൊച്ചി: രണ്ടാം ദിവസവും സ്വർണത്തിന്റെ റെക്കോഡ് വിലയിൽ മാറ്റമില്ല. പവന് 60,200 രൂപയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വില വർധിച്ചാണ് ചരിത്രത്തിൽ ആദ്യമായി റെക്കോർഡിൽ എത്തിയത്. ആദ്യമായാണ് വില പവന് 60,000 രൂപ കടക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നലെയാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച പവന് 59,600 രൂപയായിരുന്നു വില. ഈ വില ചൊവ്വാഴ്ചയും തുടർന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവൻ വില റോക്കോഡിലേക്ക് എത്തിയത്.
ജനുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തി. അന്ന് പവന് 57,200 രൂപയും ഗ്രാമിന് 7,150 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒക്ടോബർ 31നാണ് പവൻ വില 59,640 രൂപ എന്ന റെക്കോഡിൽ എത്തിയത്.
എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സീസൺ ഡിമാൻഡ്, അന്തർദേശീയ സംഘർഷങ്ങൾ, ട്രംപിന്റെ ഭരണത്തിന് കീഴിലെ പുതിയ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ, വ്യാപാര യുദ്ധത്തിന്റെ സാധ്യതകൾ തുടങ്ങിയവ വില വർധനവിന് കാരണമാകുന്ന ഘടകങ്ങളാണ്.