സ്വർണപ്പണയ വായ്പ മുടങ്ങിയോ? കടം തിരികെ അടയ്ക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കുക

news image
Apr 10, 2025, 10:31 am GMT+0000 payyolionline.in

സ്വർണ വായ്പാ വിപണി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഐസിആർഎയുടെ പുതിയ റിപ്പോർട്ട് പ്രകാരം, 2027 മാർച്ചോടെ ഇന്ത്യയിലെ സ്വർണ്ണ വായ്പാ വിപണി 15 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് കണക്ക്. എന്നാൽ ഈ വളർച്ചയോടൊപ്പം വായ്പാ തിരിച്ചടവിൽ വീഴ്ചകളും കടബാധ്യതകളും കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനാൽ തന്നെ, സ്വർണ വായ്പ സ്വീകരിക്കുമ്പോൾ അതിനോടുള്ള സമീപനം ജാഗ്രതാപൂർവമായിരിക്കണം. വായ്പയുടെ നിബന്ധനകൾ മനസ്സിലാക്കുകയും, സാമ്പത്തിക ശാസ്ത്രീയത പാലിക്കുകയും ചെയ്യുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതാ, സ്വർണ വായ്പയെ തിരിച്ചടവിൽ വീഴ്ച വരുത്താതെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന അഞ്ച് പ്രായോഗിക തന്ത്രങ്ങൾ.

1. വായ്പാ നിബന്ധനകള്‍ മനസ്സിലാക്കുക

സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ഒരിക്കലും തിരക്കുകൂട്ടരുത്. ആദ്യം, വായ്പാ നിബന്ധനകള്‍, വ്യവസ്ഥകള്‍, പ്രോസസ്സിംഗ് ഫീസ്, ബാധ്യതകള്‍ എന്നിവ വിശദമായി മനസ്സിലാക്കുക. തുടര്‍ന്ന്, ലോണ്‍-ടു-വാല്യൂ അനുപാതം അറിയുക. ഈ കണക്ക് സാധാരണയായി  സ്വര്‍ണ്ണത്തിന്‍റെ നിലവിലെ വിപണി മൂല്യത്തിന്‍റെ 75% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, പലിശ നിരക്ക്, കാലാവധി, അനുബന്ധ പ്രോസസ്സിംഗ് ചാര്‍ജുകള്‍, തിരിച്ചടവ് രീതികള്‍ എന്നിവയെക്കുറിച്ച്  വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. പലരും ബുള്ളറ്റ് തിരിച്ചടവ് വായ്പകള്‍ തിരഞ്ഞെടുക്കുന്നു, അവിടെ മുതലും പലിശയും കാലാവധിയുടെ അവസാനത്തില്‍ തിരിച്ചടച്ചാല്‍ മതി. ഈ രീതി സൗകര്യപ്രദമാണെന്ന് തോന്നുമെങ്കിലും,  ശരിയായി ആസൂത്രണം ചെയ്തില്ലെങ്കില്‍ പിന്നീട് സാമ്പത്തിക വെല്ലുവിളികള്‍ക്ക് ഇത് കാരണമാകും.

2. കൃത്യമായി തിരിച്ചടയ്ക്കുക

വായ്പ എടുക്കുന്നതിന് മുമ്പ് കൃത്യമായ തിരിച്ചടവ് പദ്ധതി ആസൂത്രണം ചെയ്യണം. വരുമാനത്തിന് അനുയോജ്യമായ ഒരു തിരിച്ചടവ് ഘടന തെരഞ്ഞെടുക്കണം. സ്വര്‍ണ്ണ വായ്പ തിരിച്ചടവുകള്‍ക്കായി ഒരു പ്രത്യേക ഫണ്ട് ഒരുക്കിവയ്ക്കുക. പിഴ പലിശ കുമിഞ്ഞുകൂടുന്നതില്‍ നിന്ന് സ്ഥിരമായ തിരിച്ചടവ്  സംരക്ഷിക്കും.

3. സ്വര്‍ണ്ണ വിലയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക

സ്വര്‍ണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പണയം വച്ച സ്വര്‍ണത്തിന്‍റെ മൂല്യത്തെ നേരിട്ട് ബാധിക്കുന്നു. സ്വര്‍ണ്ണ വിലയിലെ പെട്ടെന്നുള്ള തിരുത്തലുകള്‍ ലോണ്‍-ടു-വാല്യൂ  പരിധി ലംഘിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും, ഇത്  സ്വര്‍ണ്ണം ലേലം ചെയ്യുന്നതിലേക്ക് വരെ നയിക്കാം. വിലകള്‍ ഗണ്യമായി കുറയാന്‍ തുടങ്ങിയാല്‍ തിരിച്ചടവ് വേഗത്തിലാക്കാന്‍ ശ്രമിക്കണം.

4. തിരിച്ചടവ് വൈകിയാല്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുക

വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഉദാഹരണത്തിന് സ്വര്‍ണ്ണം പണയം വെച്ച് ഒരു ഓവര്‍ഡ്രാഫ്റ്റ് എടുക്കാം. അല്ലെങ്കില്‍ വായ്പ പുനഃക്രമീകരണ പദ്ധതിയെക്കുറിച്ചും പരിശോധിക്കാം

5. മൊത്തത്തിലുള്ള സാമ്പത്തിക അച്ചടക്കം പാലിക്കുക

സാമ്പത്തിക ആസൂത്രണം മുന്‍കൂട്ടി  ചെയ്യുക എന്നതാണ് എപ്പോഴും ഏറ്റവും നല്ല മാര്‍ഗം. വിദ്യാഭ്യാസം, ആരോഗ്യം, വീട് നവീകരണം മുതലായവയുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള വായ്പ ബാധ്യതകളും ഭാവി ലക്ഷ്യങ്ങളും എഴുതിവയ്ക്കുന്നതും ആസൂത്രണം ചെയ്യുന്നതും ആലോചിക്കുക. ഒരേസമയം ഒന്നിലധികം ഉയര്‍ന്ന പലിശ വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുകയും  പ്രതിമാസ വരുമാനം  എല്ലാ  ബാധ്യതകളും  നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe