പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളികൾ ബംഗളൂരുവിലും ഹൈദരാബാദിലും പ്രദർശിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ഉണ്ണികൃഷ്ണൻപോറ്റി, ഇവ മുറിച്ചുവിറ്റതായും വിവരം. 2019ൽ ശബരിമലയിൽനിന്ന് ദ്വാരപാലക സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിനുമുമ്പ് തിരുവാഭരണ കമീഷണറുടെ നേതൃത്വത്തിൽ തൂക്കിയപ്പോൾ 42 കിലോയായിരുന്നു. 2019 ആഗസ്റ്റ് 29നാണ് പാളികൾ ശബരിമലയിൽ തൂക്കി മഹസർ തയാറാക്കിയത്. എന്നാൽ, 39ാം ദിവസം ചെന്നൈയിലെത്തിച്ചശേഷം പാളികൾ തൂക്കിയപ്പോൾ 38.28 കിലോ മാത്രമാണുണ്ടായിരുന്നത്. ഇതോടെയാണ് പാളിയുടെ ഭാഗങ്ങൾ മുറിച്ചുവിറ്റെന്ന തരത്തിലുള്ള സൂചനകൾ വിജിലൻസിന് ലഭിച്ചത്. ഇക്കാര്യം പ്രത്യേകസംഘം അന്വേഷിക്കും.
2019ൽ ശബരിമലയിൽനിന്ന് സ്വർണപ്പാളികൾ നേരെ ബംഗളൂരുവിലേക്കാണ് എത്തിച്ചതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നീട് 39ാം ദിവസമാണ് സ്വർണംപൂശാനായി ചെന്നൈയിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇതിനിടെ, വൻ വ്യവസായികളുടെയും സാമ്പത്തികമായി ഉയർന്ന ഭക്തരുടെയും വീടുകളിൽ സ്വർണപ്പാളികൾ എത്തിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പൂജ മുറികളിൽ ഇവ സ്ഥാപിച്ചശേഷം പൂജകളും നടത്തി. ഭക്തർ പോറ്റിക്ക് പണം നൽകിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹൈദരാബാദിലും പൂജക്ക് അവസരമൊരുക്കി. ഇതിനൊപ്പം ഇവർക്ക് പൂജാമുറികളിൽ സൂക്ഷിക്കാൻ ചെറു ഭാഗങ്ങൾ മുറിച്ചുനൽകിയെന്നാണ് സൂചന. സ്വര്‍ണം പൂശാനുള്ള സ്പോൺസർഷിപ്പെന്ന പേരില്‍ ബംഗളൂരു സ്വദേശികളായ രമേശ് റാവു, അനന്ത സുബ്രഹ്മണ്യം എന്നിവരിൽനിന്നും ഇയാൾ വൻ തുക കൈപ്പറ്റിയിരുന്നു.
ഇതിനിടെ, സ്വർണം പൂശി നൽകിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപെടലും സംശയത്തിലാണ്. പ്രമുഖരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്, ഉരുക്കി സ്വർണം വേർതിരിച്ചെന്ന മൊഴിയെന്ന് ആരോപണമുണ്ട്. ദേവസ്വം വിജിലൻസ് ചോദ്യംചെയ്തതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് പോയതായി സംശയമുണ്ട്. ഇവിടെയെത്തി സ്മാർട്ട് ക്രിയേഷൻസുമായി ചർച്ച നടത്തിയതായാണ് സൂചന. ശബരിമലയിൽനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ധനിക ഭക്തർക്ക് നൽകിയശേഷം പുതിയ ചെമ്പ് പാളികളിലാണ് സ്വർണം പൂശിയതെന്ന സംശയവും ഉയർന്നിരുന്നു.
രണ്ട് എഫ്.ഐ.ആർ
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണക്കൊള്ളയും കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറിയും രണ്ടായി അന്വേഷിക്കും. രണ്ടു കേസുകളിലും മുഖ്യപ്രതി പോറ്റിയാണ്. ദേവസ്വം ജീവനക്കാരും പ്രതികളാകും.
പ്രതിപ്പട്ടികയിൽ ഇവർ
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്കുപുറമെ, 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു, എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി ജയശ്രീ, തിരുവാഭരണം കമീഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസറായ രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരായ ശ്രീകുമാർ, കെ.രാജേന്ദ്രൻ, അസി.എൻജിനീയർ കെ. സുനിൽകുമാർ.