സ്വർണപ്പാളിയിലും ബോഡി ഷെയിമിങ്ങിലും കത്തി നിയമസഭ; പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തി, ബാനർ പിടിച്ചെടുക്കാൻ സ്പീക്കറുടെ നിർദേശം

news image
Oct 9, 2025, 5:16 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ബോഡി ഷെയിമിങ് പരാമർശവും ശബരിമലയിലെ സ്വർണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

പൊളിറ്റിക്കലി ഇൻകറക്ടായ പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. മന്ത്രിമാർ വായിൽതോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർ കുഴപ്പമുണ്ടായിരുന്നില്ല. സ്പീക്കർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത്. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നേരിടാൻ സ്പീക്കർ ശ്രമിച്ചെന്ന് വി.ഡി. സതീശൻ ആരോപണം ഉയർത്തി.

ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വൻ വിലക്ക് വിറ്റിരിക്കുകയാണ്. അതിന് കൂട്ടുനിന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോർഡ് പിരിച്ചുവിടണം. സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും സതീശൻ വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യ വിളികളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി. ‘അയ്യപ്പന്‍റെ സ്വർണം ചെമ്പാക്കിയ എൽ.ഡി.എഫ് രാസവിദ്യ’ എന്ന് എഴുതിയ ബാനർ അംഗങ്ങൾ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ ബാനറുകൾ പിടിച്ചുവാങ്ങാൻ സ്പീക്കർ നിർദേശം നൽകി. എന്നാൽ, സാധിച്ചില്ല.

പ്രതിപക്ഷ നേതാവ് സഭയിൽ ഗൂണ്ടായിസം കാണിക്കുകയാണെന്ന് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ സഭാ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം നടന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. തുടർന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികൾ നിർത്തിവെച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe