സ്വർണമാലക്കു വേണ്ടി കൊലപാതകം; വിനീത വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

news image
Apr 21, 2025, 5:54 am GMT+0000 payyolionline.in

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. അലങ്കാര ചെടിക്കടയിൽ വെച്ചാണ് പ്രതി കൃത്യം നടത്തിയത്.

വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.

118 സാക്ഷികളില്‍ 96 പേരെ വിസ്തരിക്കുകയും പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍, ഏഴ് യു.എസ്.ബികള്‍ എന്നിവ ഹാജരാക്കുകയും ചെയ്തു. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe