‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെ കുറിച്ച ചോദ്യത്തിന് ക്ഷുഭിതനായി സുരേഷ് ഗോപി

news image
Apr 4, 2025, 6:03 am GMT+0000 payyolionline.in

കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും അദ്ദേഹം കയർത്തു. വൈദികർക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച ചോദ്യം കുത്തിത്തിരിപ്പാണെന്നും സുരേഷ്ഗോപി പറഞ്ഞു.

‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. എല്ലായിടത്തുമുണ്ട്. കേരളത്തിൽ പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. പാലയൂർ പള്ളി പൊളിക്കാൻ ആരാ വന്നത്?’ എന്നും സുരേഷ് ഗോപി പറഞ്ഞു. താങ്കൾ ജബൽപൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ സുരേഷ് ഗോപി കൂടുതൽ പ്രകോപിതനായി. ‘നിങ്ങളാരാ? നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. സൗകര്യമില്ല പറയാൻ’ -വിരൽചൂണ്ടി ക്ഷുഭിതനായി സുരേഷ് ഗോപി പറഞ്ഞു.

മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ‘മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ’’– എന്നായിരുന്നു പ്രതികരണം. ഏത് ചാനലാണെന്ന് ചോദിച്ചപ്പോൾ കൈരളിയെന്ന് മാധ്യമപ്രവർത്തകൻ മറുപടി നൽകി. ‘ആ ബെസ്റ്റ്, സൗകര്യമില്ല പറയാൻ. ജബൽപൂരിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമപരമായി നടപടി എടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വെച്ചാൽ മതി’ എന്നും സുരേഷ് ഗോപി പറഞ്ഞു.

വഖഫ് ബിൽ മുനമ്പത്തുകാർക്ക് ഗുണകരമാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാം. ബിൽ ജെ.പി.സിയിൽ തന്നെ ഇല്ലാതാവുമെന്ന് പറഞ്ഞ് നടന്നവരാണ് ഇപ്പോൾ അതിനെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. വഖഫ് വിഷയത്തിൽ കോൺഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ‘‘അവർ ജാതീയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവൻ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവർ. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്’’– സുരേഷ് ഗോപി പറഞ്ഞു. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമുണ്ടോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുവെന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe