മുക്കം: ഗതാഗതക്കുരുക്ക് രൂക്ഷമായ മുക്കത്ത് പുതിയ ബൈപാസ് യാഥാർഥ്യമാകുന്നു. വ്യക്തികൾ സ്ഥലം സൗജന്യമായി നൽകാൻ തയാറായതോടെയാണ് മുക്കം കടവ് പാലത്തിനു സമീപത്തു നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് ബൈപാസ് വരുന്നത്. ആലിൻചുവട് ഓർഫനേജ് മുക്കം കടവി റോഡിലെ രൂക്ഷമായ തിരക്കിനു പരിഹാരം കാണാൻ ഇതുവഴി സാധിക്കും. 7 മീറ്റർ വീതിയുണ്ടാകും. മുക്കം സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയായിരിക്കും റോഡ് യാഥാർഥ്യമാക്കുന്നത്. രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന് 5 കോടി രൂപയാണ് അനുവദിച്ചത്.
പ്രൊഫൈൽ ഗ്രൂപ്പ്, വയലിൽ കുടുംബം, മാമ്പൊയിൽ കുടുംബം തുടങ്ങിയവരാണ് ബൈപാസിന് സ്ഥലം സൗജന്യമായി വിട്ടുനൽകുക. സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിൽ പൂർണമായും പൂട്ടുകട്ട പാകും. ഈ പാത വന്നാൽ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും സംസ്ഥാന പാതയിൽ അരീക്കോട് റോഡിലേക്കും പ്രവേശിക്കാൻ ഓർഫനേജ് റോഡിലേക്ക് പോകേണ്ടതില്ല. വൺവേ അല്ലാതെ ടു വേ ആയി റോഡ് ഉപയോഗിക്കണമെന്ന ആവശ്യം സ്ഥലം സൗജന്യമായി നൽകുന്നവർക്കുണ്ട്.
നഗരസഭ, പൊതുമരാമത്ത് അധികാരികളും സ്ഥലം നൽകുന്നവരും ചേർന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി. കുറ്റി അടിക്കൽ നടത്തി. സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഓർഫനേജ് റോഡ്, പുതിയ ബസ് സ്റ്റാൻഡ്, വയലിൽ മമ്മദ് ഹാജി റോഡ്, മാർക്കറ്റ് റോഡ് തുടങ്ങിയവ നവീകരിക്കും. നഗരസഭാധ്യക്ഷൻ പി.ടി.ബാബു, സ്ഥിരസമിതി അധ്യക്ഷ പ്രജിത പ്രദീപ്, പൊതുമരാമത്ത് ഓവർസീയർ ബിജു, പ്രൊഫൈൽ ഗ്രൂപ്പ് മാനേജിങ് പാർട്നർ പി.എം.ഹബീബ്, മാമ്പൊയിൽ നാരായണൻ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്നത്. മുക്കം ഓർഫനേജ് റോഡിൽ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് പതിവാണ്.