ദമ്മാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ പ്രവാസി മലയാളിയും. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്.
തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്.
കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പത്തോളം അഗ്നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.