സൗദിയിൽ വ്യാപക പരിശോധന; നിയമലംഘകരായ 11,361 പ്രവാസികളെ ഒരാഴ്ചക്കിടെ നാടുകടത്തി

news image
Aug 19, 2024, 6:17 am GMT+0000 payyolionline.in

റിയാദ്: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്റ്റിൽ. ആഗസ്റ്റ് എട്ട് മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ  പരിശോധനയിലാണ് വിദേശി നിയമലംഘകർ പിടിയിലായത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ് പിടിയിലായാത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം ഇത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് ഒമ്പത് പേർ വേറെയും പിടിയിലായി.

നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 15,803 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. 14,491 പുരുഷന്മാരും 1,312 സ്ത്രീകളുമാണ് ഇതിലുള്ളത്. ഇതിൽ 5,028 പേരോട് സ്വന്തം രാജ്യങ്ങളുടെ എംബസികളോ കോൺസുലേറ്റുകളോ ആയി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ലഭ്യമാക്കാൻ 2,955 പേരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ 11,361 പേരെ ഒരാഴ്ചക്കിടെ നാടുകടത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe