സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 380 ഒഴിവുകളെന്ന് വിവരം; നികത്താതെ സർക്കാർ

news image
May 15, 2024, 5:34 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകൾ നികത്താതെ സര്‍ക്കാര്‍. സ്പെഷ്യലിസ്റ്റ് തസ്തികയിൽ അടക്കം വിവിധ വിഭാഗങ്ങളിലായി 380 ഒഴിവുകളാണുള്ളത് ഏറ്റവും അധികം ഒഴിവുള്ളത് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണ്.

സംസ്ഥാനത്ത് സാധാരണക്കാര്‍ ചികിത്സ തേടിയെത്തുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത്. ജനറൽ ആശുപത്രിയിലും ജില്ലാ താലൂക്ക് ആശുപത്രികളിലുമൊന്നും ചികിത്സിക്കാൻ ആള് തികയാത്ത അവസ്ഥയാണ്. സ്പെഷ്യാലിറ്റി കേഡറിൽ സംസ്ഥാനത്തുള്ളത് 181 ഒഴിവ്. ജനറൽ കേഡറിൽ 98 പേരുടെ കുറവുണ്ട്. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ 58 പേരെങ്കിലും എത്തിയാലെ ഒഴിവു നികത്താൻ കഴിയു. ഏറ്റവും അധികം ഒഴിവുള്ളത് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണെന്നിരിക്കെ മികച്ച ചികിത്സ തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിൽ സേവനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്.

ജനറൽ മെഡിസിനിൽ 32, പീഡിയാട്രിക് വിഭാഗത്തിൽ 19, ഗൈനക്കോളജിക്കും ജനറൽ സര്‍ജറിക്കും 26 വീതവും ഡോക്ടര്‍മാരുടെ ഒഴിവാണ് വിവിധ സര്‍ക്കാര്‍ ആശുപത്രിയിലുള്ളത്. അസിസ്റ്റന്‍റ് സര്‍ജൻ തസ്തികയിൽ പിഎസ് സി വഴിയും മറ്റ് തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും ഒഴവുകൾ നികത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അവകാശവാദം.

സ്ഥാനക്കയറ്റം ശമ്പള വര്‍ദ്ധനവ് അടക്കം ആനുകൂല്യങ്ങൾക്ക് ബാധകമല്ലെന്നിരിക്കെ പ്രമോഷൻ ഉപേക്ഷിച്ചും സ്ഥിരം സ്ഥലങ്ങൾ വിട്ടുപോകാൻ വിമുഖത കാണിക്കുന്ന ഡോക്ടര്‍മാരുമുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്താൻ അതിതീവ്ര നടപടിയെന്നാണ് സര്‍ക്കാര്‍ അടിക്കടി ആവര്‍ത്തിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ആശുപത്രികളിൽ ഉറപ്പാക്കാത്തതിന് പിന്നിൽ സ്വകാര്യ മേഖലയെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe