കോഴിക്കോട്: സർവകാല റെക്കോർഡും ഭേദിച്ച് കുതിച്ചുയർന്ന വെളുത്തുള്ളി വിലയിൽ വൻ ഇടിവ്. നഗരത്തിലെ പച്ചക്കറി കടകളിൽ നിലവിൽ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 100-120 രൂപയായി. പാളയത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളിയുടെ വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 65 രൂപ മുതൽ 90 വരെയാണ്. കഴിഞ്ഞ മാസം 400 രൂപ വരെ വിലയുണ്ടായിരുന്നയിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. രണ്ടുമാസം മുൻപ് വെളുത്തുള്ളിക്ക് റെക്കോർഡ് വിലയായിരുന്നു, 440 രൂപ. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്. വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400 – 600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. ഏപ്രിൽ വരെ വില കുറയാൻ സാദ്ധ്യതയില്ലെന്നാണ് ആദ്യം അറിഞ്ഞിരുത്. എന്നാൽ വീണ്ടും വലിയ തോതിൽ ലോഡുകൾ എത്തി തുടങ്ങിയതോടെ വില വീണ്ടും കുറഞ്ഞു.
•വില(കി.) – 100 -120
•കഴിഞ്ഞ മാസം – 400