തൃശൂർ: ഹണി ട്രാപ്പിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്ക് നാല് വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലിമുക്ക് ചാരുവിള പുത്തൻവീട്ടിൽ സുജിത ജേക്കബിനാണ് തൃശൂർ മൂന്നാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പ്രണയം നടിച്ച് വിയ്യൂർ സ്വദേശിയായ രാജേഷ് എന്ന യുവാവിൽനിന്ന് 2007 മുതൽ പല തവണയായി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച ശേഷം അക്കാര്യം മറച്ചുവെച്ച് വീണ്ടും രാജേഷിൽനിന്നും പണം തട്ടുകയും ചെയ്തു. സുജിത വിവാഹിതയായത് അറിഞ്ഞ രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ പ്രേരണ കേസിൽ പ്രതിയെ കുറ്റമുക്തയാക്കിയ കോടതി ചതിയിലൂടെ പണം തട്ടിയെടുത്തതിന് കുറ്റം കണ്ടെത്തുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിച്ചു. പ്രോസിക്യൂഷനായി അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി. വിയ്യൂർ പൊലീസ് സ്റ്റേഷനിലെ ഓഫിസർമാരായിരുന്ന ഗംഗാധരൻ, കെ.സി. ബൈജു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനെ ലെയ്സൺ ഓഫിസർ വിനീത്, വിയ്യൂർ പൊലീസ് സ്റ്റേഷനിലെ നവീൻ എന്നിവർ സഹായിച്ചു.