ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ, കോടതിയെ അറിയിക്കും

news image
Jan 14, 2025, 3:41 am GMT+0000 payyolionline.in

 

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സംസ്ഥാന സർക്കാർ. ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുകയാണ്. നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. അധിക്ഷേപ പരാമർശങ്ങളും ദ്വയാർഥ പ്രയോഗങ്ങളും നിരവധി നടത്തിയിട്ടുണ്ട്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പരാതിക്കാരിയെ പിന്നാലെ നടന്ന് അവഹേളിച്ചെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും.

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

 

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ, ഹണി റോസിന്‍റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഹർജിക്കാരനെതിരെ നിലവിൽ കേസ് ഇല്ലെന്നും അതിനുളള സാധ്യത മുന്നിൽക്കണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe