ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേലുമായുള്ള മധ്യസ്ഥ ചര്‍ച്ചക്ക് ദോഹയിലെത്തിയ നേതാക്കളെയാണ് ലക്ഷ്യംവെച്ചതെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരുടെ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് സമീപത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം, ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
ചില രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഖത്തര്‍ ജനതയുടെ സുരക്ഷക്കുള്ള ഗുരുതര ഭീഷണിയാണ് ആക്രമണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗാസയില്‍ ആക്രമണം നടത്തുന്ന സമയത്തുതന്നെ അഞ്ച് അറബ് രാജ്യങ്ങളെയാണ് ഇസ്രയേല്‍ ആക്രമിച്ചത്. പലസ്തീന്‍, ലെബനോന്‍, സിറിയ, യെമന്‍, ഇറാന്‍ എന്നിവക്കൊപ്പം ഇപ്പോള്‍ ഖത്തറിനെയും ആക്രമിച്ചിരിക്കുകയാണ്.