വടകര: വടകര താലൂക്കില്‍ നാളെ ബസ് പണിമുടക്ക്. വടകര- തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹരിശ്രീ’ ബസിലെ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ വടകര ഡിവൈഎസ്പി സനല്‍കുമാര്‍ ബസ് തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ അറിയിച്ചു.
നാളെ തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ മാഹി പാലം വരെയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ മൂരാട് പാലം വരെയും സര്‍വീസ് അവസാനിപ്പിച്ച് തിരികെ പോകും. എന്നാല്‍ തലശ്ശേരി – കോഴിക്കോട് റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് സര്‍വ്വീസ് നടത്താവുന്നതാണെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ 31 ന് രാവിലെയാണ് കണ്ടക്ടര്‍ പി.പി.ദിവാകരന് പുതിയ ബസ് സ്റ്റാന്റില്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണുള്ളത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും കണ്ടക്ടര്‍ ദിവാകരനെ അക്രമിച്ച പ്രതിയെ അടിയന്തിരമായി അറസ്റ്റുചെയ്യണമെന്നും തൊഴിലാളികൾ പറഞ്ഞു.
